Thursday, September 30, 2010


എന്റെ നാഥന് ...
പ്രണയിക്കാനെന്നെ പഠിപ്പിച്ചപ്പോൾ നീ
ഒരു വേള പോലും കയർത്തതില്ല. 
പ്രണയോഷ്മളതയിൽ എന്നെപ്പൊതിഞ്ഞ് നീ 
ഉടലിലും ഉയിരിലും കുളിരു ചൊരിഞ്ഞു.. 
 എന്നാലൊ നിന്നെ ,എൻ പ്രാണ നാഥനെ മാത്രം 
എനിക്കു പ്രണയിക്കാനറിഞ്ഞില്ല. 
എപ്പോഴും;പറയാതെ,  പറയുമ്പോഴും
ഞാനടയിരുന്ന മോഹങ്ങൾക്കു  മഴവില്ലിനഴകുള്ള ജന്മമേകി.   
പതിരായിരുന്നൊരു മോഹം പോലും നീ   
 പ്രണയത്താൽ മധുവാക്കി എന്നെക്കുടിപ്പിച്ചു 
എന്നിട്ടും നിന്നെ , നിന്നെ മാത്രം എനിക്കു പ്രണയിക്കാനറിഞ്ഞില്ല. 
കാഴ്ചയിലെ വീഴ്ചയല്ല പ്രണയമെന്ന്
 
എത്രയോ വട്ടം നീ എന്നെ പഠിപ്പിച്ചു. 
പൊഴിയുന്ന വാക്കിലെ മിനുസമാർന്നക്ഷരങ്ങളും,
പ്രണയമല്ലെന്നെ നീ നിന്റെ 
നെഞ്ചോടു ചേർത്തുമ്മ വെച്ചു മന്ത്രിച്ചു. 
എന്നിട്ടുമെന്തേ  നിന്നെ മാത്രം എനിക്കു പ്രണയിക്കാനറിഞ്ഞില്ല.
നീ പകർന്ന പ്രണയമെന്റെ നാവിലുമാത്മാവിലും 
മോഹന നടനമാടിയപ്പോൾ
എന്നെ നോക്കി ചിരിക്കുകയായിരുന്നു നീ ,വാത്സല്യ പൂർവം.
എന്നിട്ടുംഞാൻ കണ്ടില്ല,നിന്നെ അറിഞ്ഞില്ല  
നിന്നെ മാത്രം എനിക്കു പ്രണയിക്കാനുമറിഞ്ഞില്ല.