Sunday, May 8, 2011

വാതിൽ സ്വയം അടഞ്ഞതാണൊ
അതോ അകത്തു നിന്നു താഴിട്ടു പൂട്ടിയതോ
എനിക്കറിയില്ല
ഈ അറിവില്ലായ്മ തന്നെയാണിന്നെന്റെ വേദന.
ഇനിയെത്ര കാലമീ വാതില്പടിയിൽ ഞാൻ കാത്തു നിൽക്കും..
പുറത്തെ ബഹളങ്ങളൊക്കെയും എന്റെ
ചെവികളിൽ മ്ര് ദു മർമരങ്ങളായ് പൊഴിയുന്നു.
കണ്ട കാഴ്ചകളൊക്കെയും എന്റെ
കൺകളിൽ കുമിളകളായ് പൊലിയുന്നു.
ഇനി കാലത്തിലാണെന്റെ പ്രതീക്ഷ,
കാലം കണ്ണു തുറക്കട്ടെ,
എന്റെ മൌന നൊമ്പരങ്ങൾക്കു മുന്നിൽ.
തുരുമ്പെടുത്ത്
താഴ് പൊടിഞ്ഞു തീരട്ടെ..
എന്റെ കണ്ണീരിനീർപ്പത്തിൽ.
..................................................

Monday, December 13, 2010

തേങ്ങ അൾഷിമേഴ്സിനുള്ള പ്രതിവിധി

പ്രിയരേ..
വെളിച്ചെണ്ണയുടെ ഔഷധ ഗുണങ്ങൾ ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്നു. കൊളസ്ടോൾ നിയന്ത്രിക്കാനും വെജിറ്റബ് ൾ ഓയിലിനേക്കാൾ എത്രയോ നല്ലത് വെളിച്ചെണ്ണയാണെന്നു വിശദമാക്കുന്ന ഒരു പാടു ഗവേഷണങ്ങൾ പുറത്തു വന്നു കൊണ്ടിരിക്കുന്നു.ഇപ്പോഴിതാ സ്വന്തം ഭർതാവിന്റെ അൾഷിമേഴ്സ് വെളിച്ചെണ്ണ ചികിത്സയിലൂടെ സുഖപ്പെടുത്തിയ ഒരു ഡോക്റ്ററുടെ വെളിപ്പെടുത്തൽ.ദിവസം 4 റ്റേബ് ൾ സ്പൂൺ വെളിച്ചെണ്ണ.അതാണു ബ്രയിൻ അറ്റ് റോഫി തടയാനുള്ള മെഡിസിൻ.ഇതു ബ്രയിൻ ഫ്യൂവൽ ആയ കീറ്റോൺ ബോഡീസ് ഉല്പാദിപ്പിക്കുന്നു.പ്രമേഹ രോഗികളിൽ കാണുന്ന ഓർമ്മ നാശവും ഇങ്ങനെ പരിഹരിക്കാം.തുടക്കം ഒരു റ്റീസ്പൂണിലാവട്ടെ.പിന്നീടു ക്രമേണ വർധിപ്പിക്കുക. രാവിലത്തെ ഭക്ഷണത്തിന്റെ കൂടെ ഏറ്റവും നല്ലത്.അലൂമിനിയം പാത്രങ്ങൾ അൾഷിമേഴ്സ് വരാനുള്ള വാതിലുകൾ.അതിനാൽ അലൂമിനിയം പാത്രങ്ങൾക്കു വിട നൽകുക.അതു പോലെ പഞ്ചസാര,
ഫ്രക്റ്റോസ്,സോയ് തുടങ്ങിയവയും പൂർണമായി ഒഴിവാക്കുക.
http://www.coconutketones.com/whatifcure.pdf

Sunday, October 10, 2010

അല്ലാഹു

കാഴ്ചകളേയാണു ഞാൻ സ്നേഹിച്ചത്..
അവയെ കാണിച്ചു തന്ന കണ്ണുകളെ ഞാൻ കണ്ടതേയില്ല..
സുഗന്ധങ്ങൾ എന്നും എന്നെ മത്തു പിടിപ്പിച്ചിട്ടുണ്ട്,
 പക്ഷെ എന്റെ നാസാരന്ധ്രങ്ങൾ
എന്നും കണ്ണിൽ നിന്നും മറഞ്ഞിരിക്കുകയായിരുന്നു..
മനോഹരമായ ചിത്രങ്ങൾ വരച്ചപ്പോഴൊന്നും
എന്റെ കൈകൾ അവകാശവാദവുമായി വന്നിട്ടില്ല..
എന്റെ വാക്കുകൾ പലരിലും എന്നോടു സ്നേഹമുണ്ടാക്കി
പക്ഷെ ഞാൻ എന്റെ നാവിനെ എന്നെങ്കിലും ഓർത്തിട്ടുണ്ടൊ..
എത്രയെത്ര ഹൃദ്യമായ ഗാനങ്ങളിൽ ഞാൻ അലിഞ്ഞു ചേർന്നിട്ടുണ്ട്
പക്ഷെ എന്റെ ചെവികൾ എന്നും കേൾവിക്കു പുറത്താണ്.
രുചികരമായ ഭക്ഷണത്തിനെ പ്രകീർത്തിക്കാൻ എനിക്കു വലിയ താല്പര്യമാണ്.
രുചികൾ കൊണ്ടു വിരുന്നൊരുക്കിയ എന്റെ വായ,
പക്ഷെ ഇതു വരെ പരാതി പറഞ്ഞിട്ടില്ല.
ഞാൻ വളരേ നേരത്തെയെത്തിയെന്നു അഭിമാനത്തോടെ പറഞ്ഞ
ഒരു സമയത്തും എന്നെ എത്തിച്ച കാലുകളോടു ഞാൻ നന്ദി പറഞ്ഞില്ല,
എത്ര പെട്ടെന്നാണു ഉത്തരങ്ങൾ ഞാൻ പറഞ്ഞിട്ടുള്ളത്
പക്ഷെ ഓർമ്മയെ മാത്രം ഞാൻ മറന്നു പോയി.
ഓർമയെ മാത്രം മറന്നു പോയി.
അല്ലെങ്കിലും ഞാൻ നന്ദി കെട്ടവനാണ്.

Thursday, September 30, 2010


എന്റെ നാഥന് ...
പ്രണയിക്കാനെന്നെ പഠിപ്പിച്ചപ്പോൾ നീ
ഒരു വേള പോലും കയർത്തതില്ല. 
പ്രണയോഷ്മളതയിൽ എന്നെപ്പൊതിഞ്ഞ് നീ 
ഉടലിലും ഉയിരിലും കുളിരു ചൊരിഞ്ഞു.. 
 എന്നാലൊ നിന്നെ ,എൻ പ്രാണ നാഥനെ മാത്രം 
എനിക്കു പ്രണയിക്കാനറിഞ്ഞില്ല. 
എപ്പോഴും;പറയാതെ,  പറയുമ്പോഴും
ഞാനടയിരുന്ന മോഹങ്ങൾക്കു  മഴവില്ലിനഴകുള്ള ജന്മമേകി.   
പതിരായിരുന്നൊരു മോഹം പോലും നീ   
 പ്രണയത്താൽ മധുവാക്കി എന്നെക്കുടിപ്പിച്ചു 
എന്നിട്ടും നിന്നെ , നിന്നെ മാത്രം എനിക്കു പ്രണയിക്കാനറിഞ്ഞില്ല. 
കാഴ്ചയിലെ വീഴ്ചയല്ല പ്രണയമെന്ന്
 
എത്രയോ വട്ടം നീ എന്നെ പഠിപ്പിച്ചു. 
പൊഴിയുന്ന വാക്കിലെ മിനുസമാർന്നക്ഷരങ്ങളും,
പ്രണയമല്ലെന്നെ നീ നിന്റെ 
നെഞ്ചോടു ചേർത്തുമ്മ വെച്ചു മന്ത്രിച്ചു. 
എന്നിട്ടുമെന്തേ  നിന്നെ മാത്രം എനിക്കു പ്രണയിക്കാനറിഞ്ഞില്ല.
നീ പകർന്ന പ്രണയമെന്റെ നാവിലുമാത്മാവിലും 
മോഹന നടനമാടിയപ്പോൾ
എന്നെ നോക്കി ചിരിക്കുകയായിരുന്നു നീ ,വാത്സല്യ പൂർവം.
എന്നിട്ടുംഞാൻ കണ്ടില്ല,നിന്നെ അറിഞ്ഞില്ല  
നിന്നെ മാത്രം എനിക്കു പ്രണയിക്കാനുമറിഞ്ഞില്ല.